മഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു. അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓഫീസ് പുനരാരംഭിച്ചതോടെ മഞ്ചേരി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന മുഴുവൻ കെഎസ്ആർടിസി ബസുകളും ഇനി മുതൽ സ്റ്റാൻഡിൽ എത്തും.
53 സർവീസുകളാണ് മഞ്ചേരി വഴി നടത്തുന്നത്. നിലവിൽ രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും ഓഫീസിന്റെ സേവനം ലഭ്യമാകുക. ഡ്യൂട്ടിക്ക് ഒരു ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. 2012 ഡിസംബർ 22ന് ആരംഭിച്ച എസ്എം ഓഫീസ് സാന്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി 2017 സെപ്റ്റംബർ മൂന്നിന് അടച്ചുപൂട്ടുകയായിരുന്നു.
ഓഫീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. റഹ്മത്തുള്ള എംഎൽഎയും നഗരസഭ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദും കഴിഞ്ഞ മാസം 22ന് ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഓഫീസ് ആരംഭിക്കാൻ സർക്കാർ ഉത്തരവിറക്കിയത്.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സണ് അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, കെ.പി. ഉമ്മർ, എം.വി. അബൂബക്കർ, റിസ്വാന സാദിഖ് കൂളമഠത്തിൽ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ അനസ്, കണ്ട്രോളിംഗ് ഇൻസ്പെക്ടർ എം. സജിത്ത് കുമാർ, സ്റ്റേഷൻ മാസ്റ്റർ ഓഫീസർ സി.കെ. മുഹമ്മദ്കുട്ടി, ജീവനക്കാരായ ഷിഹാബ് എന്നിവർ സംബന്ധിച്ചു.